ന്യൂഡല്‍ഹി: കൊല്ലത്ത് അനുവദിച്ച ഇഎസ്ഐ മെഡിക്കല്‍ കോളജ് ആരംഭിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെന്നു കേന്ദ്ര തൊഴില്‍ മന്ത്രി മൻസുഖ് മാണ്ഡവ്യ ലോക്സഭയില്‍ വ്യക്തമാക്കി.
തൊഴിലാളികള്‍ക്കായുള്ള മെഡിക്കല്‍ കോളജ് ആരംഭിക്കാന്‍ അവസരം നല്‍കാത്ത സംസ്ഥാനത്തിന് തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ചു പറയാന്‍ അര്‍ഹതയില്ലെന്നും മന്ത്രി പറഞ്ഞു.
ഇഎസ്ഐ ബോര്‍ഡ് അംഗം കൂടിയായ എന്‍.കെ. പ്രേമചന്ദന് ആവശ്യപ്പെട്ടതനുസരിച്ചാണ് മെഡിക്കല്‍ കോളജ് അനുവദിക്കാന്‍ തീരുമാനിച്ചത്. മെഡിക്കല്‍ വിദ്യാഭ്യാസത്തിനും 200 മുതല്‍ 300 വരെ പേര്‍ക്കു തൊഴില്സാധ്യതയുണ്ടായിരുന്ന മെഡിക്കല്‍ കോളജിന് സംസ്ഥാന സര്‍ക്കാര്‍ എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്കാത്തതുകാരണം പദ്ധതി നഷ്ടപ്പെട്ടതായാണ് ആരോപണം.
നാഷണല്‍ മെഡിക്കല്‍ കമ്മീഷന് അപേക്ഷ നല്കാന് എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് അനിവാര്യമാണെന്നും മാണ്ഡവ്യ പറഞ്ഞു. ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കോഡ് നിയമഭേദഗതി ബില്ലിന്റെ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.